അമേരിക്കൻ കോമിക്ക് പുസ്തകങ്ങളും ജാപ്പനീസ് മാൻഗാകളും ഇവയിൽ നിന്ന് ഉരുത്തിരിച്ചുവന്ന സിനിമകളും സീരീസുകളുമെല്ലാം കണ്ട് അന്തം വിട്ടിരിക്കാറുള്ള ഒരു സമൂഹത്തിലാണല്ലോ നമ്മളൊക്കെ ജീവിക്കുന്നത്. കുട്ടികൾക്കുള്ള പുസ്തകങ്ങൾ ആണ് ഗ്രാഫിക് നോവലുകൾ എന്ന് ചിന്തിച്ചിരുന്ന കാലത്തുനിന്നും ഒരുപാട് ദൂരേക്ക് മലയാളികൾ സഞ്ചരിച്ചിരിക്കുന്നു. തൊണ്ണൂറു ശതമാനം സൃഷ്ടികളും കഥാകാരന്റെ ചുറ്റുപാടുകൾക്കുനേരെ തിരിച്ച കണ്ണാടി ആയതുകൊണ്ട് തന്നെയാവണം നമുക്കിടയിലേക്ക് ഇവ പ്രചരിക്കാൻ ഇത്രയധികം താമസമെടുത്തത്. സിനിമകളുടെയും മറ്റു ദൃശ്യമാധ്യമങ്ങളുടെയും സഹായത്തോടെ ആഗോളതലത്തിൽ കലകൾ കൈമാറ്റം ചെയ്യപ്പെടാൻ തുടങ്ങിയതും ഗ്രാഫിക് നോവലുകൾ വായനക്കാരന്റെ ശ്രദ്ധയിൽ പെടാൻ കാരണമായി. മേഖലയിൽ പ്രവർത്തിക്കുന്ന മെയിൻ സ്ട്രീം നോവലിസ്റ്റുകളുടെയൊക്കെ പ്രാധാന്യവും, അവരുടെ മാഗ്നം ഒപ്പസുകളുടെ ക്വാളിറ്റിയും ഒന്നും ഈ അവസരത്തിൽ എടുത്തുപറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. പകരം ഒരു ചോദ്യമാകാം. ഇത്രയേറെ കൾച്ചറലി റിച്ച് ആയിട്ടും, മുന്നോട്ടുവയ്ക്കാൻ നൂറുകണക്കിന് കഥകളും കവിതകളുമുണ്ടായിട്ടും, എന്തുകൊണ്ട് നമ്മുടെ ചുറ്റുപാടുകളെ കേന്ദ്രികരിച്ചു ലക്ഷണമൊത്ത ഒരു കോമിക്കുപുസ്തകം വന്നില്ല? എന്തുകൊണ്ട് വീരശൂരപരാക്രമികളായ യോദ്ധാക്കന്മാരെ നായകരാക്കി ഒരു യമണ്ടൻ പ്ലോട്ട് പടച്ചുവിട്ടുകൂടാ? ഇത് പറയുന്നത്ര എളുപ്പമാണോ? അതിലൊക്കെയുപരി പ്രായോഗികമാണോ? അല്ലെന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ അതിനുള്ള മറുപടിയാണ് സുഹാസ് സുന്ദർ - ദീപക് ശർമ്മ കൂട്ടുക്കെട്ടിൽ പിറന്ന 'ഒടയാൻ'.
മിത്തോളജിയും, രാഷ്ട്രീയവും, വിജിലന്റിസവും, ഐതിഹസികതയുമൊക്കെ നേരനുപാതത്തിൽ ചേർത്തു നിർമ്മിച്ച ഒരമൂല്യ സൃഷ്ടിതന്നെയാണ് ഒടയാൻ എന്ന് പറയാതെ വയ്യ. ഒന്നാം പേജിൽ തന്നെ കഥകളിയെ അനുസ്മരിപ്പിക്കും വിധത്തിൽ മുഖപടം വരച്ചുകാട്ടിക്കൊണ്ട് മലയാളി വായനക്കാരനെ കൗതുകത്തിലാഴ്ത്താൻ പുസ്തകത്തിന് കഴിഞ്ഞു. വെറുമൊരു മാസ്സ് ഇൻട്രോ ആക്കി വയ്ക്കാതെ കഥയിലുടനീളം ഈ മുഖത്തിനും, അതിനുപിന്നില്ലെ രാഷ്ട്രീയത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്. പരശുരാമൻ മഴുവെറിഞ്ഞു കേരളം സൃഷ്ടിച്ച കഥ എല്ലാവർക്കും സുപരിചിതം ആണെങ്കിലും ഇതിനുമുൻപ് എവിടെയും മിത്തോളജിയുടെ ഇത്രയും തീക്ഷ്ണതയുള്ള പതിപ്പ് ഞാൻ കണ്ടിട്ടില്ല. ചോരയിൽ കുളിപ്പിച്ച മഴു ഭൂമിയിലൂടെ വലിച്ചിഴച്ചു കൊണ്ടുവന്നു കടലിനു കുറുകെ നീട്ടിയെറിയുന്ന പരശുരാമനും, അതിന്റെ ആക്കത്തിൽ പ്രകമ്പനം കൊണ്ട് ഉയർന്നു വരുന്ന ഭാർഗ്ഗവക്ഷേത്രവും ഒക്കെ ദീപക് ശർമ്മയുടെ വരയിലൂടെ മനോഹരമാക്കിയിട്ടുണ്ടെങ്കിലും ഇതൊക്കെ ഒരു ആനിമേറ്റഡ് സിനിമയിലോ സീരീസിലോ പകർത്തി കാണുവാൻ ഞാൻ ആഗ്രഹിച്ചിരുന്നു. മൂന്ന് പേജുകൾക്കിപ്പുറം വർണ്ണങ്ങളുടെ അഭാവത്തിൽ വരച്ചിട്ടിരിക്കുന്ന കഥാംശങ്ങൾ കാണാം. കരിമീൻ പിടിക്കാനിരിക്കുന്ന കുട്ടികളും, പശ്ചാത്തലത്തിൽ മുഴങ്ങുന്ന വടക്കൻ പാട്ടുമെല്ലാം വളരെ ചുരുങ്ങിയ പാനലുകളിൽ കാലഘട്ടത്തെ പരിചയപ്പെടുത്തുന്നു. തൊഴിലുപേക്ഷിച്ച കളരി ഗുരുക്കളുടെ വീട്ടിലേക്ക് നീങ്ങുന്ന കഥ അധികം വൈകാതെതന്നെ കഥാനായകനെ (വില്ലനെ) പരിചയപ്പെടുത്തുകയാണ്. രാമന്റെ മഴു ഇരുപത്തിയൊന്ന് ഭാഗങ്ങളാക്കി ഇരുപത്തിയൊന്ന് കളരികളിൽ നൽകിയതും, അതിനു ശേഷം കേരളം നിണം നിലയ്ക്കാത്ത ഭൂമിയായി മാറിയതുമെല്ലാം കഥാകാരന്റെ സ്വാതന്ത്ര്യം ഉപയോഗിച്ച് സുഹാസ് സുന്ദർ എഴുതിച്ചേർത്ത മർമ്മ ഭാഗങ്ങൾ ആയിരുന്നു. നൂറ്റാണ്ടുകളായി ഈ ലോഹക്കഷണങ്ങൾ സംരക്ഷിക്കുന്ന കളരികളിൽ ഒന്നിൽ അഭ്യസിച്ച ഗുരുവിന്റെ മുന്നിലേക്കാണ് മുഖത്ത് ചായം പൂശിയ കഥാപാത്രം രംഗപ്രവേശം നടത്തുന്നത്. വാളും ചുരികയുമെടുത്ത് ആഞ്ഞുവീശിയും ഒഴിഞ്ഞുമാറിയും പോരാടിയ കഥാപാത്രങ്ങൾക്കിടയിലെ ശബ്ദ ശകലങ്ങൾ മലയാളത്തിൽ കൊടുക്കാൻ കഥാകാരൻ ശ്രദ്ധിച്ചിട്ടുണ്ട്. ഇതിനുപിന്നിലെ ടെക്നിക്കാലിറ്റിയെ പറ്റി വലിയ പിടിത്തം ഇല്ലെങ്കിലും പൂഴിക്കടകൻ ഉപയോഗിച്ച് ചുരിക കൊണ്ട് ഗുരുവിന്റെ തല കൊയ്തെടുത്തപ്പോൾ രോമാഞ്ചം ഇരച്ചുകയറി എന്നു പറയാതെ വയ്യ! ഒടുവിൽ കാളവണ്ടിയിൽ ഒരു രാക്ഷസച്ചിരിയോടെ കയറി ഇരിക്കുന്ന മുഖംമൂടിയെ കാണിച്ചുകൊണ്ട് ഒന്നാമത്തെ ഇഷ്യൂ അവസാനിക്കുമ്പോൾ എത്ര ഉയരത്തിലാണ് ബാർ സെറ്റുചെയ്തുവച്ചതെന്ന് വ്യക്തമാകുന്നു.
"ഇന്നിവിടെ സംഭവിച്ചത് എന്നേക്കും ഓർക്കുക. ആ വൈര്യം ഉപയോഗിച്ച് സ്വയം മാറ്റങ്ങൾ സൃഷ്ടിക്കുക. ഏറ്റവും മികച്ച ഗരുക്കന്മാരിൽ നിന്ന് വിദ്യ അഭ്യസിച്ച് കഴിവുകൾ അവയുടെ പരമോന്നതിയിൽ എത്തിക്കുക. എന്ന് നീ പൂർണ്ണസജ്ജനാകുന്നോ, അന്ന് എന്നെ അന്വേഷിക്കുക"
തുടക്കത്തിലെ ഫാന്റസി ഒഴിച്ചുനിർത്തിയാൽ ഫ്യുഡൽ കേരളത്തിന്റെ രാഷ്ട്രീയം ഉപയോഗിച്ചു മുന്നോട്ടു സഞ്ചരിക്കുന്ന കഥാഗതിയാണ് ഒടയാനിൽ പ്രത്യക്ഷമാകുന്നത്. മുഖ്യകഥാപാത്രത്തിന്റെ നെഗറ്റിവ് ഷെയ്ഡ് ഇതിന് സഹായകമാവുന്നുണ്ട്. അങ്കങ്ങളിൽ ആനന്ദം കണ്ടെത്തുന്ന 'ഒടയാൻ' ഗുരുക്കളുടെ മകനോട് പറയുന്നത് ശ്രദ്ധിച്ചാൽ ഒരുകാര്യം വ്യക്തമാകും. ഇതൊരു തുടക്കം മാത്രമാണ്. ഒടയാൻ ആരാണെന്നും, അയാളുടെ മോട്ടീവുകൾ എന്തൊക്കെയാണെന്നും വായനക്കാരൻ അടുത്ത ഇഷ്യൂകളിൽ ആണ് മനസ്സിലാക്കുന്നത്. ഓരോ കളരിയിലും പോയി ഗുരുക്കന്മാരെ കൊന്നുതള്ളുന്ന മുഖംമൂടി പ്രത്യക്ഷാ അജയ്യൻ തന്നെയാണെന്ന് സാമൂതിരിക്കും പരിവാരങ്ങൾക്കും ബോധ്യമായതോടെ എന്തു വിലകൊടുത്തും അയാളെ പൂട്ടാനുള്ള തീരുമാനം എടുക്കുന്നു. ഇതിന് ചുക്കാൻ പിടിക്കുന്നത് ആരോമൽ ചേകവരും! എതിരാളിയെ അടുത്തറിയാൻ ആഴങ്ങളിലേക്ക് അന്വേഷിച്ചിറങ്ങിയ ആരോമലിലൂടെയാണ് ഒടയാന്റെ മറ്റൊരുമുഖം വായനക്കാരൻ തിരിച്ചറിയുന്നത്. അപകടങ്ങളിൽ പെടുന്ന സാധാരണക്കാരെ രക്ഷിച്ചാണ് ഒടയാൻ തന്റെ വല നെയ്യാൻ തുടങ്ങുന്നത്. പകരം പണമൊന്നും ചോദിക്കാറില്ലെങ്കിലും ഭാവിയിൽ ഒടയാൻ വിളിച്ചാൽ തിരിച്ചൊരു സഹായം ചെയ്യാൻ ഇവർ കടപ്പെട്ടിരിക്കുന്നു. വിസമ്മതിച്ചാൽ മരണം ഉറപ്പ്! പുറമെ ഒരിക്കലും കാണാൻ കഴിയാത്ത ബൃഹത്തായ സൈന്യത്തെത്തന്നെ ഒടയാൻ സൃഷ്ടിച്ചിരിക്കുന്നു! ബുദ്ധിയും ശക്തിയും ഒരുപോലെ ചേർന്നിണങ്ങിയ എതിരാളിയാണ് ഒടയാനെന്ന് കാട്ടിത്തരുന്ന ഈ പാനലുകളിൽ നിന്നാണ് യഥാർത്ഥ കഥ തുടങ്ങുന്നത്.
ഒന്നാം വോളിയത്തിന്റെ വലിയൊരു ഭാഗം ഒടയാന്റെ ചരിത്രത്തെക്കുറിച്ച് എഴുതാൻ മാറ്റിവച്ചിട്ടുണ്ട്. ഫ്യൂഡൽ കേരളത്തിലെ ജാതീയതയും, മരുമക്കത്തായം പോലെയുള്ള ഇടപാടുകളുമൊക്കെ മറയില്ലാതെതന്നെ കാട്ടിത്തരാൻ പുസ്തകം ശ്രമിക്കുന്നുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ അനീതിയ്ക്ക് ഇരയാകേണ്ടിവന്ന ഒരു ബാലനിലൂടെ കഥ തുടങ്ങുമ്പോൾ ഏറ്റവും മൃഗീയമായ കോമിക്ക് ഒറിജിനുകൾ ഉള്ള കഥാപാത്രങ്ങളിൽ ഒരാളായി ഒടയാൻ മാറുകയാണ്. ഇനിഷ്യൽ പുഷ് വളരെ ശക്തമായിട്ടുകൂടി എന്തുകൊണ്ട് ഒരു വിജിലന്റി 'സൂപ്പർഹീറോ' ആയി ഒടയാൻ പരിണമിച്ചില്ല എന്നത് ഹൃദയഭേദകമായ കഥാമുഹൂർത്തങ്ങളിൽ നിന്ന് വ്യക്തമാകുന്നു. വടക്കൻ കളരികളിൽ പോർവിളികൾ നടത്തുന്നതോടൊപ്പം സാമൂതിരി ഭരണത്തെ അട്ടിമറിക്കാനുള്ള പദ്ധതികൾ മെനയാൻ കഥാപാത്രത്തെ പ്രേരിപ്പിക്കുന്നതും ഇതൊക്കെത്തന്നെയാണ്. എന്നാൽ ഒരിക്കൽപോലും ഒടയാൻ എന്ന വ്യക്തി ചെയ്യുന്ന പ്രവൃത്തികൾ ന്യായികരിക്കാൻ വായനക്കാരന്റെ ധാർമിക ബോധം അനുവദിക്കുന്നില്ല എന്നതാണ് സത്യം. അരും കൊലകൾ നടത്തി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഒരു സൈക്കോപാത്താണ് ഒടയാൻ എന്ന് പലപ്പോഴും തോന്നിപ്പോകും. രണ്ടാം വോളിയത്തിന്റെ അവസാനഭാഗങ്ങളിൽ മാസ്റ്റർപ്ലാൻ എന്താണെന്ന് വ്യക്തമാകുന്നതോടുകൂടി കലങ്ങിത്തെളിയാത്ത വികാരങ്ങളുടെ വിസ്ഫോടനം തന്നെയാണ് പാനലുകളിൽ നിറഞ്ഞുനിൽക്കുന്നത്. ഫിലോസഫിക്കൽ ആയും അല്ലാതെയും ഒടയാൻ പറയുന്ന രാഷ്ട്രീയവും, അരാജകത്വവും, സ്വാർത്ഥതയും ഇന്നും സമൂഹത്തിൽ പ്രത്യക്ഷമായും പരോക്ഷമായും ദൃശ്യമാകും എന്നത് വേദനാജനകം തന്നെയാണ്.
കഥയിലുടനീളം ചായം പൂശിയ മുഖങ്ങൾക്കും, മുഖംമൂടികൾക്കും മാത്രമേ നിറങ്ങൾ നൽകിയിട്ടുള്ളൂ. ഭൂരിഭാഗം ചിത്രങ്ങളും ബ്ലാക്ക് & വൈറ്റിൽ തന്നെയാണ് വരച്ചിരിക്കുന്നത്. ഗ്രാഫിക് നോവലുകളിൽ ഇത്തരത്തിലുള്ള ആർട്ട് വർക്കുകൾ പൊതുവെ കാണാൻ കഴിയാറില്ല. കഥാപാത്രങ്ങളെ കൂടുതൽ ഫോക്കസ് ചെയ്യാനും കഥാമുഹൂർത്തങ്ങളെ ഉത്തേജിപ്പിക്കാനും ഇത് സഹായകമായി. "മുഖവും മനസ്സും ഒരിക്കലും കൂട്ടിയിണക്കാൻ പാടില്ല" എന്ന തത്വം മുറുകെപ്പിടിച്ചുകൊണ്ട് പോരാടുന്ന ഒടയാന്റെ വികാരങ്ങൾ പൂർണ്ണമായും മറച്ചുവയ്ക്കാൻ ഇത്തരത്തിൽ സാധിക്കുന്നു. അതേസമയം ചുവന്ന ചായം പൂശി പ്രതികാരദാഹിയായി വേട്ടക്കാരനെ വേട്ടയാടാൻ ഇറങ്ങുന്ന ഉണ്ണിയാർച്ചയുടെ മുഖത്ത് ഏത് നേരത്തും ക്രോധം മാത്രമേ കാണാൻ കഴിയൂ. മുഖംമൂടികളുടെ സഹായം ഇല്ലാതെതന്നെ ശക്തമായ പ്രകടനങ്ങൾ കാഴ്ചവച്ച ഒട്ടേറെ കഥാപാത്രങ്ങളുണ്ട്. ചിലരുടെയൊക്കെ പരാക്രമങ്ങൾ അടുത്ത ഭാഗങ്ങളിലേക്കായി മാറ്റിവച്ചിരിക്കുന്നു.
"ആരംഭം" മുതൽ "യുദ്ധം" വളരെ കൊഹിസിവ് ആയി ബിൽഡ് ചെയ്തുവന്ന കഥയാണ് ഒടയാനുള്ളത്. വളരെ മികച്ച എഴുത്തും, അതിലേറെ പ്രശംസനീയമായ ആർട്ട് വർക്കും ഒരു ക്വാളിറ്റി ഗ്രാഫിക് നോവലായി ഒടയാനെ മാറ്റുന്നു. കേരളം പശ്ചാത്തലമാക്കി വന്ന ഇത്തരത്തിലുള്ള കോമിക്കുപുസ്തകങ്ങൾ വളരെ കുറവാണെങ്കിലും ഒടയാനും, These savage shores-ഉം ഒക്കെപ്പോലെയുള്ള മനോഹരമായ വർക്കുകൾ ഈ മേഖലയിൽ എത്രമാത്രം പൊട്ടൻഷ്യൽ ആണ് ഇവിടത്തെ കഥകൾക്കും, ചരിത്രത്തിനും ഉള്ളത് എന്നതിന്റെ മികച്ച ഉദാഹരണങ്ങളാണ്. മൂന്നാം വോളിയം ഇറങ്ങിക്കഴിഞ്ഞാൽ ഒടയാൻ ഇന്ത്യൻ ഗ്രാഫിക് നോവലുകളിലെ മാസ്റ്റർപീസുകളിൽ ഒന്നായി വാഴ്ത്തപ്പെട്ടാലും അത്ഭുതപ്പെടാനില്ല!
Comments
Post a Comment