ഒരു സയൻസ് ഫിക്ഷൻ സിനിമ ശരാശരി പ്രേക്ഷകന് പ്രിയപ്പെട്ടതാകാൻ പ്രധാനമായും മൂന്ന് മൂലകങ്ങൾ ഉൾക്കൊള്ളണം. ട്വിസ്റ്റുകൾ കൊണ്ടും ആധുനികത കൊണ്ടും ത്രസിപ്പിക്കുന്ന കഥാമുഹൂർത്തങ്ങൾ, അതിഭയങ്കരമായ കൺസെപ്റ്റുകൾ, മനം മയക്കുന്ന വിഷ്വൽ ഇഫക്റ്റുകൾ. നല്ലൊരു സംവിധായകന്റെ കീഴിൽ ഇവ മൂന്നും ലയിച്ചുചേരുകയാണെങ്കിൽ മുന്തിയ ഇനം സയൻസ് ഫിക്ഷൻ (Sci-fi) സിനിമകൾ അവതരിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട. എന്നാൽ കേവലം തിരക്കഥയുടെയും സംഭാഷണങ്ങളുടെയും മാത്രം പിൻബലത്തിൽ Sci-fi genre ൽ ഒരു സിനിമ നിർമിച്ചെടുക്കാൻ കഴിയുമോ? അതിനുള്ള റിസ്ക് എത്രമാത്രമായിരിക്കും? എത്രമാത്രം നിലവാരം സ്ക്രിപ്റ്റിന് വേണ്ടിവരും? ഏത് ലൊക്കേഷൻ തിരഞ്ഞെടുക്കും?
നിങ്ങളുടെ ജീവിതത്തിലെ ഒന്നരമണിക്കൂർ നീക്കിവയ്ക്കാൻ സാധിക്കുമെങ്കിൽ ഇതിനൊക്കെയുള്ള ഉത്തരം മാത്രമല്ല, ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച അനുഭവങ്ങളിൽ ഒന്ന് കൂടി നിങ്ങൾക്ക് ലഭിക്കും എന്ന് ഉറപ്പിച്ചു പറഞ്ഞുകൊള്ളട്ടെ.എന്താണ് ചരിത്രം? ഭൂമിയുടെയോ, മനുഷ്യരുടെയോ, സംസ്കാരങ്ങളുടെയോ, മതങ്ങളുടെയോ ചരിത്രമാകട്ടെ. അവയെങ്ങനെയാണ് ഉത്ഭവിക്കുന്നത്? യഥാർത്ഥത്തിൽ മനുഷ്യൻ അവന്റെ സർഗാത്മക ശക്തി കൈവരിച്ചപ്പോഴാണ് 'ചരിത്രത്തിലെ ആദ്യത്തെ ചരിത്രം' പ്രത്യക്ഷപ്പെട്ടത് എന്ന് പറയേണ്ടിവരും. നാമാരായിരുന്നുവെന്ന് നമുക്കുശേഷം വരുന്നവർ അറിഞ്ഞിരിക്കണം എന്ന ചിന്തയായിരിക്കണം ഒരുപക്ഷെ ഗുഹാചിത്രങ്ങളും മറ്റും സൃഷ്ടിക്കാൻ ആദിമമനുഷ്യരെ പ്രേരിപ്പിച്ചത്. ഇന്ന്, പതിറ്റാണ്ടുകൾക്കിപ്പുറത്ത് നമ്മോട് അവർ സംവദിക്കുന്നതും ഇതേ മാധ്യമത്തിലൂടെയാണ്. അവർ അവരുടെ കഥകൾ അന്തരാളത്തെയും കാലത്തെയും ഭേദിച്ച് നമുക്കുമുന്നിൽ അവതരിപ്പിക്കുന്നു. അങ്ങനെ അത് ചരിത്രമാകുന്നു. എന്നാൽ മറ്റൊരു സംഭവം കൂടി ഈ ചരിത്രത്തിന്റെ താളുകൾക്കിടയിൽ എഴുതിച്ചേർക്കപ്പെട്ടിട്ടുണ്ട്. കാലക്രമേണ എഴുത്തും വായനയും സംസാരവും നേടിയെടുത്ത മനുഷ്യന് തൊട്ടടുത്ത തലമുറയ്ക്ക് തങ്ങളുടെ കഥകൾ പറഞ്ഞുകൊടുക്കാനായി! അവർ അത് അവരുടെ പിൻഗാമികൾക്ക് നൽകി. അവർ അടുത്തവർക്ക്. പക്ഷെ തന്റെ ഭാവനയും കൂടി ഈ കഥകളിൽ കൂട്ടിച്ചേർക്കാതിരിക്കാൻ മനുഷ്യന് കഴിയുമായിരുന്നില്ല. അങ്ങനെ തലമുറകൾ തോറും ഓതിയും, എഴുതിയും, വായിച്ചും ഈ കഥകൾ കൈമാറപ്പെട്ടു. ഭാവനകൾ വിശ്വാസങ്ങളായിമാറി. വിശ്വാസങ്ങൾ സത്യങ്ങളായി മാറി. അവ വീണ്ടും ചരിത്രങ്ങളായി. നൂറ്റാണ്ടുകളോളം ഇതുതന്നെ ആവർത്തിക്കപ്പെട്ടു. വീണ്ടും ബാക്കിയായത് ചില ചോദ്യങ്ങൾ മാത്രമാണ്. എന്താണ് യഥാർത്ഥ ചരിത്രം? ആർക്കാണ് ചരിത്രം അതുപോലെ നമുക്ക് പറഞ്ഞുതരാനാകുക? എങ്ങനെ ആ ചരിത്രത്തിന്റെ സാധുത വിലയിരുത്തും?
ജോൺ ഓൾഡ്മാൻ (ഡേവിഡ് ലീ സ്മിത്ത്) ഒരു ചരിത്രാധ്യാപകനാണ്. തന്റെ അധ്യാപന ജീവിതം മതിയാക്കി മറ്റൊരുസ്ഥലത്തേക്ക് വീടുമാറിപ്പോകാൻ ഒരുങ്ങുന്ന ജോണിന്റെ വസതിയിലേക്ക് യാത്രയയ്ക്കുവാനായി അയാളുടെ സഹപ്രവർത്തകരെത്തുന്നു. ജീവശാസ്ത്രം, ചരിത്രം, മനുഷ്യശാസ്ത്രം, പുരാവസ്തുഗവേഷണം എന്നിങ്ങനെ പലമേഖലകളിലായി നൈപുണ്യമുള്ളവരാണ് ഓരോരുത്തരും.
ഒരു സഹപ്രവർത്തകൻ എന്നതിലുപരി ജോണിനെ എല്ലാവരും സ്നേഹിച്ചിരുന്നു. ജോൺ തിരിച്ചും. പത്തുവർഷത്തെ സേവനം മതിയാക്കി തിരിച്ചുപോകുന്ന ജോണിനുവേണ്ടി ആ സായാഹ്നം ഒരു ഫേർവെൽ പാർട്ടിയാക്കി മാറ്റാൻ തന്നെ എല്ലാവരും തീരുമാനിച്ചിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് പുരാവസ്തുഗവേഷകനായ ഡാൻ (ടോണി ടോഡ്) അവിടെ ഒരു ബ്യുറിൻ കാണുന്നത്.
ക്രോ-മാഗ്നൺ, അഥവാ അപ്പർ പാലിയോലിത്തിക് കാലഘട്ടത്ത് ജീവിച്ചിരുന്ന പ്രാചീന മനുഷ്യരുടെ കരവിരുതാണ് തന്റെ കയ്യിലുള്ളതെന്ന് ഡാൻ സ്ഥിതീകരിക്കുന്നു. എന്തായാലും പോകുകയല്ലേ, എന്നാൽ അതൊരു സമ്മാനമായി സ്വീകരിക്കുവാൻ ജോൺ ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ സമയങ്ങളിലാണ് എന്തോ തുറന്നു പറയാനുള്ള വീർപ്പുമുട്ടലിലാണ് ജോൺ എന്ന് പലർക്കും സംശയം തോന്നുന്നത്. പലപ്പോഴും ഒഴിഞ്ഞുമാറിയെങ്കിലും ഒടുവിൽ അയാൾ മനസുതുറക്കുന്നു.
"എനിക്ക് നിങ്ങളോട് ഒരു സംശയം ചോദിക്കുവാനുണ്ട്. ഇവിടെയെല്ലാവരും ശാസ്ത്രത്തിന്റെ പല മേഖലകളിൽ കഴിവ് തെളിയിച്ചവരാണല്ലോ. ചോദ്യം ഇതാണ്.. ഡാൻ നേരത്തെ പറഞ്ഞതുപോലുള്ള ഒരു ക്രോ-മാഗ്നൺ ഇന്നത്തെ കാലം വരെ ഒരു ചിരഞ്ജീവിയായി ജീവിച്ചിരുന്നെങ്കിലോ? "
ചോദ്യം തമാശരൂപത്തിലാണെങ്കിലും വിഷയത്തോട് ഒരു സയൻസ് ഫിക്ഷനോടുള്ള സമീപനം നടത്തുവാൻ ജോൺ ആവശ്യപ്പെടുന്നു. ഒരു പുസ്തകം എഴുതുവാൻ ആണെന്ന് കരുതിയാൽ മതി. അങ്ങനെ ഓരോരുത്തരായി ചോദ്യത്തെ പരിശോധിക്കുന്നു. തമാശയോടാണ് ആദ്യം ഓരോ മറുപടികൾ വന്നതെങ്കിലും അധ്യാപകരനാണ് എന്ന ഉത്തമബോധ്യം എല്ലാവരിലും ഉണ്ടായിരുന്നു. അധികം വൈകാതെതന്നെ വിഷയം ചൂടുപിടിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലുള്ള അയാളുടെ വസ്ത്രധാരണവും സമൂഹത്തോടുള്ള സമീപനവുമെല്ലാം ഒരുവിഭാഗം ചർച്ചചെയ്തപ്പോൾ ഇങ്ങനെയൊരു അത്ഭുതം നടക്കാനുള്ള സാധ്യതകൾ മറ്റൊരുവിഭാഗം വിശകലനം ചെയ്തു. ചിരഞ്ജീവിയാകണമെങ്കിൽ അയാളുടെ ശരീരത്തിൽ വരേണ്ട മാറ്റങ്ങളെക്കുറിച്ചാണ് ബയോളജിസ്റ്റായ ഹാരി (ജോൺ ബില്ലിങ്സ്ലി) പരിശോധിച്ചത്. മനുഷ്യശരീരത്തിന് അതിന്റെ കാലക്രമേണയുള്ള ശോഷണത്തെ അതിജീവിക്കാൻ കഴിഞ്ഞാൽ ഇത് സംഭവ്യമാണെന്നായിരുന്നു ഹാരിയുടെ വാദം. ചിലപ്പോൾ നടന്നിരിക്കാം. ഇന്നത്തെ ഇന്ദ്രജാലം നാളത്തെ ശാസ്ത്രമാണല്ലോ! ഒരുകാലത്ത് കൊളംബസിന്റെ വാദങ്ങൾ പോലും നാട്ടുകാരുടെ കാഴ്പ്പാടിൽ മണ്ടത്തരങ്ങൾ ആയിരുന്നു.
"അതിനു മുന്നേ പാസ്ചറും കോപ്പർനിക്കസും, അല്ലെ? "
ജോൺ തുടർന്നു.
"ഒരിക്കൽ കൊളംബസിന്റെ കൂടെ യാത്രചെയ്യാൻ എനിക്കും അവസരം കിട്ടിയിരുന്നു. ഭൂമി ഉരുണ്ടതാണെന്ന് അറിയാമായിരുന്നെങ്കിലും ചിലപ്പോഴൊക്കെ ഒരറ്റത്തുനിന്ന് അയാൾ താഴേക്ക് വീഴും എന്ന് ഞാൻ ഭയപ്പെട്ടിട്ടുണ്ട്!"
മുറിയിലുള്ളവർ പെട്ടെന്ന് നിശബ്ദരാകുന്നു. ആറുപേരും ജോണിനെയും പിന്നീട് പരസ്പരവും മാറിമാറി നോക്കികൊണ്ടിരുന്നു.
14,000 വർഷങ്ങൾ ഭൂമുഖത്തു ജീവിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു മധ്യവയസ്കൻ അയാളുടെ കഥ നിങ്ങൾക്ക് പറഞ്ഞുതന്നാൽ എങ്ങനെയിരിക്കും? എത്രമാത്രം സംശയങ്ങൾ നിങ്ങൾക്കയാളോട് ചോദിക്കാനുണ്ടാകും അല്ലെ? അങ്ങനെ നൂറുകണക്കിന് ചോദ്യങ്ങളും ഉത്തരങ്ങളുമായൊരു യാത്രയാണ് Jerome Bixby യുടെ The man from earth!
കഥപറച്ചിലിന്റെ മൂർധന്യവസ്ഥയിൽ സഞ്ചരിക്കുന്ന സിനിമ നാലുചുവരുകൾക്കുള്ളിൽ പ്രേക്ഷകനെ ഏഴാമത്തെ കഥാപാത്രമാക്കി മാറ്റുകയാണ്. ജോൺ എന്ന മനുഷ്യന്റെ വാദങ്ങൾ പൊളിച്ചെഴുതാനായി ആറുപേരും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ സത്യങ്ങൾ തേടാനും അതിലുപരി കഥകൾ കേൾക്കുവാനുമുള്ള മനുഷ്യജന്യമായ ആസക്തി വളരെ വിദഗ്ദമായി ചൂഷണം ചെയ്യപ്പെടുകയാണ്. ശാസ്ത്രവും, സാഹിത്യവും, ചരിത്രവും, രാഷ്ട്രീയവും,മതചിന്തകളും അടക്കം ഒന്നും തന്നെ വിമർശനാതീതമല്ല എന്ന് പല ഘട്ടങ്ങളിലും ചിത്രം മറയില്ലാതെതന്നെ വിളിച്ചുപറയുന്നുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത കഥാമുഹൂർത്തങ്ങളിലൂടെ സഞ്ചരിക്കുക വഴി യാതൊരു പ്രയാസവുമില്ലാതെ ഐതിഹാസികത നിറഞ്ഞ നിമിഷങ്ങൾ സമ്മാനിക്കുവാനും ചിത്രത്തിനാകുന്നു. ഇതെല്ലാം ചെയ്യുന്നത്, നേരത്തെ പറഞ്ഞതുപോലെ നല്ലൊരു തിരക്കഥയും അതിമനോഹരമായ സംഭാഷണങ്ങളും നട്ടെല്ലാക്കിക്കൊണ്ടാണ്. ഫ്‌ളാഷ്ബാക്ക് രംഗങ്ങൾ പോലും ഉപയോഗിക്കാതെയാണ് കഥ പറഞ്ഞുപോകുന്നത് എന്നോർക്കുക! ഭാവനയിൽ നിന്ന് ആ രംഗങ്ങളുണ്ടാക്കിയെടുക്കാൻ സാധിക്കുന്നതുവഴി നല്ലൊരു പുസ്തകമോ അല്ലെങ്കിൽ ചെറുപ്പത്തിൽ കേൾക്കുന്ന മുത്തശ്ശിക്കഥയോ അവസാനിക്കുമ്പോഴുള്ള സംതൃപ്തി പ്രേക്ഷകന് ലഭിക്കുന്നു.
ലോക സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച സൃഷ്ടികളിൽ ഒന്നാണ് The man from earth എന്ന് ഉറപ്പിച്ചുപറയാം. ഒരുപക്ഷെ ഒരു ശരാശരി മനുഷ്യൻ മരിക്കുന്നതിനുമുമ്പേ കാണേണ്ടിയിരിക്കുന്ന നൂറ് സിനിമകളുടെ പട്ടികയുണ്ടാക്കിയാൽ അതിൽ ആദ്യ പത്തിൽ ഒരു സ്ഥാനം ജോൺ ഓൾഡ്മാന്റെ ചരിത്രത്തിന് കൊടുക്കുവാൻ പോലും ഞാൻ മടികാണിച്ചേക്കില്ല. ഒരു സിനിമ എന്ന നിലയിലും, അതിലുപരി മികച്ചുനിൽക്കുന്ന കലാസൃഷ്ടി എന്ന നിലയിലും അത്രമാത്രം സംതൃപ്തി നൽകുവാൻ The man from earth നു കഴിഞ്ഞിട്ടുണ്ട്. ഒരുപക്ഷെ യഥാർത്ഥ ചരിത്രം ഇതായിരുന്നെങ്കിൽ എന്നാശിച്ചുപോയിട്ടുണ്ട്.
കഥാപാത്രമായ ഡാനിന്റെ വാക്കുകൾ കടമെടുത്താൽ,
"I'm going home and watch Star Trek for a dose of sanity."
Comments
Post a Comment