വിശ്വവിഖ്യാതമായൊരു ക്രിസ്തുമസ്!
അങ്ങനെ ആ ചരിത്രനിമിഷം എത്തിച്ചേർന്നു! അന്നുവരെയും കവിജന്യ പ്രേമലാസ്യങ്ങളുടെ പ്രേക്ഷകനായും, ഇതിഹാസങ്ങളിലെ പരോക്ഷ കഥാപാത്രമായും, മതഗ്രന്ഥങ്ങളിലെ മായാഗോളമായും നിലകൊണ്ടിരുന്ന അമ്പിളിമാമനെ മനുഷ്യൻ തന്റെ കൈവെള്ളയിൽ കൊണ്ടുവരാൻ പോകുന്നു. അപോളോ 8-ലെ യാത്രികർ CSM ഉപയോഗിച്ച് ചന്ദ്രനെ വലംവയ്ക്കാൻ തയ്യാറെടുത്തു.
പക്ഷെ ആ മനോഹാരിതയും സാങ്കേതിക പ്രശ്നങ്ങൾക്കതീതമായിരുന്നില്ല. താപ-സന്തുലിത ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കാൻ പലതരത്തിലുള്ള ക്രിയാത്മക സൂത്രങ്ങളും ക്രൂവിന് പ്രയോഗിക്കേണ്ടിവന്നു. ഉറക്കം മറ്റൊരു പ്രധാന പ്രശ്നമായിരുന്നു. "മൂന്നിൽ ഒരാൾക്ക് ഒരുസമയം ഉറങ്ങാം" എന്നതായിരുന്നു തുടക്കത്തിലെ പദ്ധതി. എന്നാൽ നക്ഷത്രക്കൂട്ടങ്ങളുടെ കൺചിമ്മലുകൾ ഒപ്പിയെടുക്കാൻ അനാവശ്യമായി സമയം ചിലവാക്കിയതിന്റെ ഫലമായി മൂന്നുപേരും ഉറക്കത്തിന് ശ്രദ്ധ നൽകിയില്ല. അതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം അനുഭവിച്ചത് ബോർമാൻ ആയിരുന്നു. തന്റെ ശാരീരിക അസ്വസ്ഥത മറച്ചുവച്ച അദ്ദേഹം മോഡ്യൂളിനുള്ളിൽ ഛർദിക്കുകയും, യാത്ര ദുഷ്കരമാക്കുകയും ചെയ്തു. ഇത് സീറോ ഗ്രാവിറ്റിയിൽ ആണ് സംഭവിക്കുന്നത് എന്നോർത്താൽ അതിന്റെ ഗൗരവം മനസ്സിലാകും.
ഇത്തരം പല നവീന പ്രതിസന്ധികളും നേരിട്ടതുകൊണ്ടാണ് അപോളോ 8 കേവലം ഒരു സാങ്കേതിക വിസ്മയമായി ഒതുങ്ങാതെ, ഫ്രാങ്ക് ബോർമാൻ, ജിം ലോവൽ, വിൽ ആൻഡേഴ്സ് എന്നീ മൂന്ന് വ്യക്തികളുടെ ശാരീരികവും മാനസികവുമായ അതിജീവനത്തിന്റെ കഥയായി മാറിയത്.
ചന്ദ്രന്റെ മാന്ത്രിക വലയത്തിൽ
1968 ഡിസംബർ 24-ന് അപോളോ 8 വിജയകരമായി ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് പ്രവേശിച്ചു. റേഡിയോ തരംഗങ്ങളിലൂടെ ക്രൂ ഭൂമിയിലേക്ക് അയച്ച സന്ദേശം ലോകം ആകാംഷയോടെ കേട്ടുനിന്നു. അത്രമാത്രം നിർണായകമായിരുന്നു ലൂണാർ ഓർബിറ്റൽ ഇൻസേർഷൻ (LOI). പിഴവുകൾക്ക് കൊടുക്കേണ്ടി വരുമായിരുന്ന പിഴയും ചെറുതായിരുന്നില്ല. ഏതെങ്കിലും കാരണവശാൽ ചന്ദ്രന്റെ ഭ്രമണപഥം കൈവരിച്ചിരുന്നില്ലെങ്കിൽ മൂവരെയും കാത്തിരുന്നത് പ്രപഞ്ചത്തിന്റെ അനന്തശൂന്യതയായിരുന്നു!
ആകെമൊത്തം പത്ത് തവണയാണ് വാഹനം ചന്ദ്രനെ വലംവച്ചത്. നേരത്തെ തന്നെ മനുഷ്യന്റെ ബഹിരാകാശയാത്രയിലെ സുപ്രധാന നാഴികക്കല്ലായി മാറിയ ദൗത്യം പക്ഷെ റെക്കോർഡുകൾ തകർത്തുകൊണ്ടേയിരുന്നു. ആദ്യമായി ഒരു മനുഷ്യന്റെ കൈവെള്ളയിലെ ക്യാമറ വഴി ചന്ദ്രന്റെ ഉപരിതലത്തിലെ ഗർത്തങ്ങൾ, മലനിരകൾ എന്നിവ വ്യക്തമായി കാണിക്കുന്ന ഭ്രമണപഥ ചിത്രങ്ങൾ അപ്പോളോ 8 ഭൂമിയിലേക്ക് അയച്ചു. ഭാവിയിലെ ചന്ദ്രനിലിറങ്ങാനുള്ള ദൗത്യങ്ങൾക്ക് അത്യന്താപേക്ഷിതമായ ചിത്രങ്ങൾ കൂടിയായിരുന്നു ഇവ.
പക്ഷെ അപ്പോളോ 8-ലെ യാത്രികർ എടുത്ത ചിത്രങ്ങളിൽ ഏറ്റവും പ്രശസ്തമായത് “Earthrise” എന്ന ചിത്രമാണ് — ചന്ദ്രന്റെ ആകാശരേഖയ്ക്ക് മുകളിൽ ഉദിക്കുന്ന നമ്മുടെ സ്വന്തം ഭൂമിയുടെ ചിത്രം! ഈ ദൃശ്യവിസ്മയം മനുഷ്യന്റെ കാഴ്ചപ്പാടുകളിൽ വരുത്തിയ മാറ്റങ്ങൾ ചെറുതല്ലായിരുന്നു. മത, ഭാഷ, ദേശ, രാഷ്ട്രീയ ഭേദമന്യേ, ധരയുടെ സ്നേഹാലിംഗനം എത്രമാത്രം അമൂല്യമാണെന്ന് കാട്ടിത്തന്ന — ഒരുപക്ഷെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഛായാപടം.
![]() |
| വില്യം ആന്റെഴ്സ് പകർത്തിയ Earthrise |
ക്രിസ്മസ് ദിനത്തിൽ അവർ ഭൂമിയിലേക്ക് അയച്ച സന്ദേശവും തത്വപരമായി അർത്ഥവത്തായിരുന്നു. ഉൽപ്പത്തി പുസ്തകത്തിൽ നിന്ന് ഓരോ യാത്രികരും വായിച്ച വരികൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളിലെ ആത്മീയതയെ തൊട്ടുണർത്തി. നാസ്തിക വിമർശനങ്ങൾക്ക് അതീതമല്ലെങ്കിലും ബാബേൽ ഗോപുരം കാരണം ഭിന്നിക്കപ്പെട്ട മനുഷ്യരാശിയെ അതിനും പതിന്മടങ്ങ് മുകളിൽ ഇരുന്നുകൊണ്ട് ഒന്നിപ്പിച്ച ആ യാത്രയിലെ ബൈബിൾ വായനയിൽ അടങ്ങിയ വിരോധാഭാസം ഒരേസമയം രസകരവും, പ്രത്യാശാജനകവും ആയിരുന്നുവെന്ന് പറയാതെ വയ്യ.
ഭൂമിയിലേക്കുള്ള മടക്കയാത്രയും നേട്ടങ്ങളും
ചന്ദ്രന്റെ ചുറ്റുമുള്ള ദൗത്യം പൂർത്തിയാക്കി തിരിച്ചു മടങ്ങാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചപ്പോൾ, ചന്ദ്രന്റെ ആകർഷണ വലയത്തിൽ നിന്ന് പുറത്തുകടക്കുക എന്നതായിരുന്നു മിഷൻ നേരിട്ട അടുത്ത വെല്ലുവിളി. ട്രാൻസ്-എർത്ത് ഇൻജക്ഷൻ (TEI) എന്നറിയപ്പെടുന്ന ഈ പ്രക്രിയയും മനോഹരമായി നടപ്പാക്കി. കൃത്യമായ കണക്കുകൾ ഉപയോഗിച്ച് എഞ്ചിൻ ജ്വലിപ്പിക്കുകയും, അപ്പോളോ യാത്രികർ ചന്ദ്രനോട് വിട പറഞ്ഞ് ഭൂമിയിലേക്കുള്ള ദിശയിൽ യാത്ര തുടങ്ങുകയും ചെയ്തു.
ഏകദേശം മൂന്ന് ദിവസത്തെ യാത്രയ്ക്കുശേഷം, 1968 ഡിസംബർ 27-ന് അപോളോ 8 ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചു. ആ ദിവസം പസഫിക് സമുദ്രത്തിൽ അമേരിക്കൻ നാവികസേന കാത്തിരുന്നത് കേവലം മൂന്ന് മനുഷ്യരെ മാത്രം ആയിരുന്നില്ല.
ചരിത്രപുരുഷന്മാരെ ആയിരുന്നു!
അപ്പോളോ 8 ദൗത്യം കൈവരിച്ച പ്രധാനപ്പെട്ട നേട്ടങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
1. ചന്ദ്രനെ ഭ്രമണം ചെയ്ത ആദ്യ മനുഷ്യ ദൗത്യം: ആദ്യമായി മനുഷ്യൻ മറ്റൊരു ആകാശഗോളത്തെ ഭ്രമണം ചെയ്തു.
2. ട്രാൻസ്-ലൂണാർ ഇൻജക്ഷൻ (TLI): ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക് പേടകം അയക്കുന്നതിനുള്ള സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചു.
3. ലൂണാർ ഓർബിറ്റൽ ഇൻസേർഷൻ (LOI): ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കൃത്യമായി പ്രവേശിക്കാൻ ഉപയോഗിച്ച നിർണായക ടെക്‌നിക്.
4. ട്രാൻസ്-എർത്ത് ഇൻജക്ഷൻ (TEI): ചന്ദ്രനിൽ നിന്ന് തിരികെ ഭൂമിയിലേക്ക് വരുന്നതിനുള്ള സാങ്കേതികവിദ്യയുടെ വിജയപരീക്ഷണം.
5. ബഹിരാകാശത്തിൽ നിന്നുള്ള Earthrise ചിത്രം: ഒരു മനുഷ്യൻ പകർത്തിയ ഭൂമിയുടെ ആദ്യത്തെ പൂർണമായ ചിത്രം.
6. മിഷൻ കമ്മ്യൂണിക്കേഷൻ സിസ്റ്റം: ദീർഘദൂര-ആശയവിനിമയസാധ്യതയുടെ ആദ്യത്തെ ചവിട്ടുപടികളിൽ ഒന്ന്.
ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യന്റെ ഏറ്റവും വലിയ സാഹസിക യാത്രകളിലൊന്നായിരുന്നു അപ്പോളോ 8. ചന്ദ്രനിൽ കാലുകുത്തുക എന്ന — പ്രത്യക്ഷാ അപ്രാപ്യമായ — സ്വപ്നത്തിന് അടിത്തറ പാകിയ ഈ ദൗത്യം മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകം മാത്രമല്ല. മാനവരാശിയുടെ ചരിത്രഗതി തന്നെ മാറ്റിമറിച്ച കുതിച്ചുചാട്ടമാണ്.
(അപ്പോളോ സീരിസ് അവസാനിച്ചു)
Apollo 8 (Part I) വായിക്കാം
Apollo Series വായിക്കുവാനും മറക്കില്ലല്ലോ!

Comments
Post a Comment